ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്സൈറ്റ്ആണ്.ഇതിന്റെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ നഗരപ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരുവിതാംകൂറിലുണ്ടായിരുന്നു. 1925-ല്‍ തിരുവിതാംകൂര്‍ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവില്‍ വന്നു. എന്നാല്‍ ഇതുപ്രകാരം ഏഴു ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ് നിലവില്‍ വന്നത്. പിന്നീട് 1939 നവംബറില്‍ തിരുവിതാംകൂര്‍ ഗ്രാമ യൂണിയന്‍ നിയമം നടപ്പാക്കി. അതിന്റെ ഫലമായി ഗ്രാമ പഞ്ചായത്ത്, ഗ്രാമ യൂണിയന്‍ എന്നിങ്ങനെ രണ്ടുതരം പ്രാദേശിക ഭരണസംവിധാനങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്നു. വില്ലേജ് യൂണിയന്‍ നിയമ പ്രകാരം രൂപീകൃതമായതാണ് കീഴ്മാട്. 1947-ല്‍ ഇതിലെ അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ പ്രമാണിമാരെയാണ് ഇപ്രകാരം നോമിനേറ്റ് ചെയ്യാറുളളത്. കീഴ്മാട് വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റ് മക്കാര്‍ പിള്ള ആയിരുന്നു. കീഴ്മാട് ഗ്രാമോദ്ധാരണ സഹകരണ സംഘം ആഫീസ് കേന്ദ്രീകരിച്ചായിരുന്നു വില്ലേജ് യൂണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഓരോ വില്ലേജ് യൂണിയനും പ്രത്യേക നിയമാവലികള്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. വില്ലേജ് യൂണിയന്റെ അതിരുകള്‍ തിട്ടപ്പെടുത്തുകയും പ്രധാന റോഡുകള്‍ നിര്‍മ്മിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചതും മക്കാര്‍പിള്ളയുടെ നേതൃത്വത്തിലുള്ള കീഴ്മാട് വില്ലേജ് യൂണിയനാണ്.
1963 ഡിസംബര്‍ 18-ന് ടി.ഓ.ഹൈദ്രോസ് പ്രസിഡന്റായുള്ള കമ്മിറ്റി നിലവില്‍ വരികയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പലതവണ സര്‍ക്കാര്‍ നീട്ടിവെച്ചതിനാല്‍ 16 വര്‍ഷക്കാലം ഈ ഭരണ സമിതി നിലനിന്നു. കേരളത്തിലാദ്യമായി ലക്ഷം വീട് പദ്ധതി പ്രകാരമുള്ള വീടുകളുടെ പണി പൂര്‍ത്തിയാക്കിയത് ടി.ഓ.ഹൈദ്രോസിന്റെ നേതൃത്വത്തിലുള്ള കീഴ്മാട് പഞ്ചായത്ത് കമ്മിറ്റിയാണ്. 1972-ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1973 ജനുവരി 6-ന് ലക്ഷം വീട് പദ്ധതി കീരംകുന്നില്‍ ഉദ്ഘാടനം ചെയ്തു. 1973-ല്‍ 100 ലക്ഷം വീടുകള്‍ ദ്രുതഗതിയിലും വളരെ കാര്യക്ഷമമായും ചെയ്തതിന് കേരള ഗവണ്‍മെന്റില്‍ നിന്നും ഈ പഞ്ചായത്തിന് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. 1979-ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ കെ.കെ.സെയ്ദുമുഹമ്മദ് പ്രസിഡന്റായുള്ള ഒന്‍പതംഗ കമ്മിറ്റി അധികാരത്തില്‍ വന്നു. കീഴ്മാട് പഞ്ചായത്തിന് ഇപ്പോഴുള്ള ആഫീസ് കെട്ടിടം നിര്‍മ്മിക്കപ്പെട്ടത് ഈ കമ്മിറ്റിയുടെ കാലഘട്ടത്തിലാണ്.